കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു പല്ലൊട്ടി നയന്റീസ് കിഡ്സ്. അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഒക്ടോബര്‍ 25 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. മനോരമ മാക്സിലൂടെ ഡിസംബര്‍ 18 ന് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ ചിത്രം പ്രൈം വീഡിയോയില്‍ ലഭ്യമാണ്. വിവിധ മേഖലകളിലായി നാല്പ്പതില് അധികം നവാഗതര്‍ ഒന്നിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചത് സിനിമാ പ്രാന്തന് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയയാണ്. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്, മികച്ച ബാല താരം എന്നീ പുരസ്കാരങ്ങളും നേടിയ ചിത്രമാണിത്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക്. ജിതിന് രാജ് തന്നെ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്റെ സിനിമാരൂപമാണ് പല്ലൊട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.



