പാലക്കാട് : പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തിൽ ഭരണമുളള ഏക നഗരസഭയായ പാലക്കാട് ഭരണം തുലാസിലായി. ഒൻപത് കൗൺസിലർമാരാണ് നാളെ പാർട്ടിക്ക് രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചത്. പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവ് സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.



