ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ഗംഭീര പ്രകടനം കാഴ്ചവച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘മാർക്കോ’. റിലീസ് ചെയ്ത് ഏതാനും നാളുകൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമെന്നാണ് കണക്കു കൂട്ടലുകൾ. ഈ അവസരത്തിൽ മാർക്കോയുടെ വിജയത്തിൽ ഇരട്ടി മധുരത്തിലാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ്. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമയിൽ നിർണായക റോളിൽ അഭിനയിച്ചിട്ടുണ്ട്. മാർക്കോയുടെ കുടുംബത്തിലെ കുട്ടികളുടെ വേഷത്തിലാണ് ഇവർ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി മകൾ നടത്തുന്ന തയ്യാറെടുപ്പിന്റെ വീഡിയോ ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘എന്റെ രാജകുമാരി സിനിമയിലേക്ക് തന്റെ ആദ്യ ചുവട് വയ്ക്കുന്നു’ എന്നായിരുന്നു മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.ചിത്രത്തിൽ കുട്ടികൾ ഉൾപ്പെട്ട ആക്ഷൻ – വയലൻസ് രംഗങ്ങൾ ഏറെ ചർച്ചാവിഷയമായിരുന്നു. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം. എ സർട്ടിഫിക്കറ്റ് സിനിമ ആയിട്ടുപോലും കുടുംബ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചിട്ടുണ്ട്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാർക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. യുവാക്കൾ മാത്രമല്ല, കുടുംബങ്ങളും മാർക്കോ കാണാൻ തീയറ്ററുകളിൽ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.



