തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിന് മുന്നിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പാർക്കിങ് സൗകര്യം തുറക്കാനൊരുങ്ങി റെയിൽവേ. സ്റ്റേഷൻ പുനർവികസന പദ്ധതി പൂർണമായി പൂർത്തിയാകുന്നതിന് മുമ്പുതന്നെ മൾട്ടി ലെവൽ കാർ പാർക്കിങ് (MLCP) സംവിധാനം പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം.
നിലവിൽ വൈകുന്നേരങ്ങളിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ പുറപ്പെടുന്ന സമയത്ത് ബേക്കറി ജങ്ഷൻ വരെയും തൈക്കാട് ഭാഗത്തേക്കുള്ള മേൽപ്പാലത്തിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടാറുണ്ട്.
പുതിയ പാർക്കിങ് സംവിധാനം വരുന്നതോടെ ഈ തിരക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഏകദേശം 495 കോടി രൂപയുടെ സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്. പ്രത്യേക വരവ്-പോക്ക് സംവിധാനങ്ങൾ, വിശാലമായ യാത്രക്കാരുടെ ഇടനാഴികൾ, പുതിയ കെട്ടിടങ്ങൾ, ആധുനിക സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.


