മധ്യപ്രദേശിലെ പന്നയിൽ ദിവസക്കൂലിക്കാരായ ഏഴ് തൊഴിലാളികൾക്ക് ഭാഗ്യം തേടിയെത്തിയത് 17.96 കാരറ്റ് വജ്രത്തിന്റെ രൂപത്തിൽ. സരോഖ ഗ്രാമത്തിലെ രണ്ട് വർഷമായി അടച്ചിട്ടിരുന്ന പഴയ ഖനിയിൽ നിന്നാണ് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള വജ്രം ഇവർ കണ്ടെത്തിയത്. മഴയ്ക്ക് ശേഷം ഖനി പരിശോധിക്കുന്നതിനിടെയാണ് വജ്രം ഉപരിതലത്തിൽ തിളങ്ങുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്.‘ജെം ക്വാളിറ്റി’ വിഭാഗത്തിൽപ്പെടുന്ന വജ്രമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബറിൽ സർക്കാർ നടത്തുന്ന ലേലത്തിൽ വജ്രം വിൽക്കും. ലേലത്തുകയിൽ നിന്ന് 12 ശതമാനം റോയൽറ്റി ഈടാക്കിയ ശേഷം ബാക്കി തുക ഏഴ് തൊഴിലാളികൾക്കും തുല്യമായി വീതിക്കും. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖർ ലേലത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.‘രത്ന നഗരം’ എന്നറിയപ്പെടുന്ന പന്നയിൽ വജ്രം കണ്ടെത്തുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ ജൂണിൽ 11.19 കാരറ്റ് വജ്രവും, 2024ൽ 19.22 കാരറ്റ് വജ്രവും കണ്ടെത്തിയിരുന്നു. 2024ൽ കണ്ടെത്തിയ വജ്രം സർക്കാർ ലേലത്തിൽ 93 ലക്ഷം രൂപയ്ക്കാണ് വിറ്റത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിനൊടുവിൽ ലഭിച്ച ഈ വജ്രം തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അവർ.



