കെ.ബി. ഗണേഷ്കുമാർ വീണ്ടും സുകുമാരൻ നായർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. എൻഎസ്എസ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും സമുദായം അത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനങ്ങൾ തിരിച്ചറിയണമെന്നും, തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ തുറന്നുപറയിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.എൻഎസ്എസിൽ പ്രവർത്തിച്ച അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പാരമ്പര്യമുള്ളവരാണ് തങ്ങളെന്നും മന്നത്ത് പത്മനാഭന്റെ ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ് യോഗങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും, താൻ ചോദ്യങ്ങൾ ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഗണേഷ് ആരോപിച്ചു. സുകുമാരൻ നായർക്കെതിരെ കേസ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും, അങ്ങനെ ചെയ്താൽ വക്കീൽ ഫീസും കോടതി ഫീസും സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗണേഷ്കുമാറിന്റെ ആരോപണങ്ങളിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.



