ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണാബ്’ ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശ്, ഒഡീഷ സർക്കാരുകൾ മുന്നൊരുക്കങ്ങൾ ശക്തമാക്കി. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ദുരന്തനിവാരണ സേനയെ വിന്യസിക്കാനും നിർദ്ദേശം നൽകി. ആന്ധ്രാപ്രദേശിലെ 20 ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 27 കോടി രൂപ അനുവദിച്ചു. 15 എൻ.ഡി.ആർ.എഫ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഗർഭിണികളായ 4,711 സ്ത്രീകളെ സുരക്ഷിത ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റാനും നടപടി സ്വീകരിച്ചു. ഒഡീഷയിലെ ആറ് തെക്കൻ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ഒക്ടോബർ 28-ന് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ടെന്നും മണിക്കൂറിൽ 115–125 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിലും വടക്കുകിഴക്കൻ മൺസൂണിന്റെ ഭാഗമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.



