കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിന് വഴിയൊരുക്കിയ വിവാദ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു. സുഗതന്റെ അയോഗ്യതാ പ്രശ്നം മറികടക്കാൻ സഹായകമായ കത്ത് നൽകിയതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി. സസ്പെൻഷനിലാകുന്ന ആദ്യ കെ.എ.എസ് ഉദ്യോഗസ്ഥ കൂടിയാണ് ഡോ. ചിത്ര. മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് അവധി അനുവദിക്കുന്നതിന് അനുകൂലമായ മറുപടി നൽകിയതെന്നാണ് കണ്ടെത്തൽ.കാപ്പാ കേസിൽ ജയിലിലായിരുന്ന സുഗതന് ആറുമാസത്തെ അവധി അനുവദിച്ച് കൗൺസിലർ സ്ഥാനം നിലനിർത്താൻ സഹായകമായത് ആഭ്യന്തര വകുപ്പിന്റെ ഈ മറുപടി കത്തായിരുന്നു. അവധി അപേക്ഷ കൗൺസിലിൽ അവതരിപ്പിച്ച് പാസാക്കിയാൽ അംഗത്വം നഷ്ടമാകില്ലെന്ന നിർദേശമാണ് വിവാദത്തിന് വഴിവെച്ചത്. തുടർന്ന് ബിജെപി ഭരണസമിതി അവധി അനുവദിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറുകയും സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു.



