തിരുവനന്തപുരം: വാഹനം ഓടിക്കുന്നവർക്ക് പൊതുവേ മനസിലാകാത്ത ഒരു റോഡ് മാർക്കിംഗിനെ കുറിച്ച് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിംഗുകളെക്കുറിച്ചാണ് എംവിഡി വിശദീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം എംവിഡി അറിയിച്ചത്.തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് yellow box അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിംഗുകൾ. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ (Hazard) കാര്യത്തെ സൂചിപ്പിക്കുന്നതാണ്.ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്സ് മാർക്കിംഗിന്റെ ഗണത്തിൽ പെട്ട ( IRC Code BM-06) മാർക്കിംഗ് ആണ് ഇത്.



