റഷ്യൻ യുവതി വൈറൽ വീഡിയോയ്ക്ക് പിന്നിൽ മറ്റൊരു കഥപട്ന: ബിഹാറിലെ ദരിദ്ര കുടുംബത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ റഷ്യൻ യുവതി ഇന്ത്യയിലെത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പ്രണയകഥ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. വൈറൽ വീഡിയോയിലുള്ളത് റഷ്യൻ യുവതിയെയോ ഭഗൽപൂർ സ്വദേശിയായ രാഹുലിനെയോ അല്ലെന്നും, സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി പൂർണിയയിലെ ഗ്രാമം സന്ദർശിച്ച ബ്രിട്ടീഷ് എൻജിഒ പ്രതിനിധി ആൻഡ്രിയ കോണോലിയെയും പ്രദേശവാസിയായ നമിതിനെയുമാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.റഷ്യയിൽ ജോലി ചെയ്യുന്നതിനിടെ രാഹുൽ എന്ന യുവാവ് ജൂലി എന്ന റഷ്യൻ യുവതിയുമായി പ്രണയത്തിലായെന്നും, കുടുംബങ്ങളുടെ സമ്മതത്തോടെ 2026 നവംബറിൽ വിവാഹിതരാകാൻ തീരുമാനിച്ചെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. നിരവധി മാധ്യമങ്ങളും കണ്ടന്റ് ക്രിയേറ്റർമാരും ഈ കഥ ഏറ്റെടുത്തതോടെ വീഡിയോ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.‘ഷിവിവ’ എന്ന ബ്രിട്ടീഷ് സർക്കാരിതര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആൻഡ്രിയ കോണോലി, സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതികളുടെ ഭാഗമായി ഒക്ടോബർ 7, 8 തീയതികളിൽ പൂർണിയ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു. പ്രാദേശിക സംഘടനയായ ‘സാഥി’യുമായി സഹകരിച്ചായിരുന്നു സന്ദർശനം. ഗ്രാമത്തിലെ സ്ത്രീകൾ റോസാപ്പൂക്കൾ നൽകി സംഘത്തെ സ്വീകരിക്കുകയും ആൻഡ്രിയ ചില വീടുകൾ സന്ദർശിക്കുകയും ചെയ്തു. ഈ സന്ദർശനത്തിന്റെ ദൃശ്യങ്ങളാണ് പിന്നീട് തെറ്റായ പ്രണയകഥയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചത്.സാഥി സംഘടനയുടെ കോർഡിനേറ്റർ അഭിഷേക് കുമാർ സിംഗിന്റെ വിശദീകരണമനുസരിച്ച്, വിദേശ വനിതകളുടെ സംഘം ഗ്രാമത്തിലെത്തിയപ്പോൾ അവരെ കാണാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന നമിതും ആൻഡ്രിയയും തമ്മിൽ പ്രണയമുണ്ടെന്ന തരത്തിലാണ് പിന്നീട് വീഡിയോ പ്രചരിപ്പിച്ചത്. ആൻഡ്രിയയുടെ കൈയിലുണ്ടായിരുന്ന പൂച്ചെണ്ട് ഗ്രാമത്തിലെ സ്ത്രീകൾ സ്വീകരണത്തിനിടെ നൽകിയതായിരുന്നു.വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം സാഥി സംഘടന പരിഗണിക്കുന്നുണ്ട്. ശരിയായ പരിശോധന നടത്താതെ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങളുടെ നടപടിയെയും അഭിഷേക് കുമാർ സിംഗ് വിമർശിച്ചു. അതേസമയം, വീഡിയോ ആദ്യം ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ആരാണെന്ന് വ്യക്തമായിട്ടില്ല. തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ നമിതിന് പങ്കുണ്ടോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകൂ.



