ഇറാനെതിരായ ആക്രമണത്തിന് ‘മദർ ഓഫ് ഓൾ ബോംബ്സ്’ഉപയോഗിക്കാൻ യുഎസ് സൈനിക നീക്കം. ഇറാൻ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടാൽ, രാജ്യത്തെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും ആണവ കേന്ദ്രങ്ങൾക്കും നേരെ ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന GBU-43/B ബോംബ് ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ യുഎസ് സൈന്യം തയ്യാറാക്കിയതായി റിപ്പോർട്ട് . ഇക്കാര്യം അറിയാവുന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഒക്ടോബർ 15-ന് റിപ്പോർട്ട് പുറത്തുവന്നത്.അമേരിക്കയുടെ ആയുധശേഖരത്തിലുള്ള ഏറ്റവും വലിയ ആണവേതര ബോംബായ MOAB ഉപയോഗിക്കുന്നത് ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, വാഷിംഗ്ടണിന്റെ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ബോംബ് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായും റിപ്പോർട്ട് . ഇറാനെതിരായ ആക്രമണത്തിൽ ഈ ആയുധം ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ടെങ്കിലും, അത് പ്രയോഗിക്കാൻ അന്തിമ തീരുമാനമെടുത്തതായി സ്ഥിരീകരിച്ചിട്ടില്ല.



