നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ തിരച്ചിലുമായി ബന്ധപ്പെട്ട് അമ്മ രേഷ്മയോട് നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചു. നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ കൊല്ലം ഫിഷറീസ് ഓഫീസിലേക്ക് അടിയന്തരമായി സ്ഥലംമാറ്റി. തിരച്ചിലിനുള്ള ആവശ്യം നേരത്തെ ഉന്നയിക്കാതിരുന്നതെന്തുകൊണ്ടാണെന്ന ഉദ്യോഗസ്ഥയുടെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. നിലവിലെ തിരച്ചിലിൽ തൃപ്തിയില്ലെന്നും നാവികസേനയെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തണമെന്നും രേഷ്മ ആവശ്യപ്പെട്ടു. വകുപ്പ് ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ലെന്നും അവർ വിമർശിച്ചു.



