തൃശൂര്‍: മുനക്കടവ്, തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃതമായി കരവലി നടത്തിയ ബോട്ട് പിടികൂടി. ചാവക്കാട് മുനക്കകടവ്, പള്ളിവളപ്പില്‍ വീട്ടില്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ‘ഓസ്പ്ര’ എന്ന ഫിഷിംഗ് ബോട്ടാണ് സുരക്ഷാ പട്രോളിംഗിനിടെ മുനക്കകടവ് കോസ്റ്റല്‍ പോലീസ് കസ്റ്റിഡിയിലെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘത്തിന് കൈമാറിയത്. കരയോട് ചേര്‍ന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി 50,000 രൂപ പിഴ ഇനത്തിലും ബോട്ടിലെ മത്സ്യം വിറ്റ വകയില്‍ 2,600 രൂപയും ട്രഷറയില്‍ അടച്ചു. കരവലി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇത് ലംഘിച്ച് അതിഥി തൊഴിലാളികളേയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത്. പിടിച്ചെടുത്ത ബോട്ട് പത്ത് വര്‍ഷമായി ലൈസന്‍സ് പുതുക്കാതെ കരയോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തിവരികയായിരുന്നു. കടല്‍ ക്ഷമതയില്ലാത്ത ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ല എന്ന വ്യവസ്ഥയില്‍ ഉടമസ്ഥന് വിട്ട് കൊടുത്തു



