ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ചരിത്രം കുറിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ജനുവരി 27ന് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് ലോഞ്ച് ചെയ്യും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിൽ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഏകീകൃത സിവിൽ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു. ഏകീകൃത സിവിൽ കോഡ് സുഗമമായി നടപ്പാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഒരു ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന പരിപാടിയിൽ ഈ പോർട്ടലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർവഹിക്കും.



