ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിനായി 305 മിനി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി ഉത്തരവിട്ടു.ടാറ്റ, അശോക് ലൈലാൻ്റ്, ഐഷർ എന്നീ കമ്പനികൾക്ക് ടെൻഡർ നൽകി. ഒക്ടോബറിൽ ബസ്സുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
33 സീറ്റുകളുള്ള മിനി ബസ്സുകൾ ടാറ്റയിൽ നിന്നും 36 സീറ്റ് ബസ്സുകൾ അശോക് ലൈലാന്റിൽ നിന്നും 28 സീറ്റ് ബസ്സുകൾ ഐഷറിൽ നിന്നും വാങ്ങും. മൈലേജ് കൂടുതലാണ് എന്നതാണ് മിനി ബസ്സുകളുടെ ഗുണം. ഗ്രാമീണ റൂട്ടുകളിൽ മിനിബസുകൾ ഉപയോഗിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചതിൻ്റെ പ്രധാന കാരണവും ഇതാണ്. രണ്ട് വാതിലുകളുള്ള മിനിബസുകളാണ് വാങ്ങിയത്.
നേരത്തേ വാങ്ങിയ മിനി ബസ്സുകളുടെ മെയിന്റനൻസ് കെഎസ്ആർടിസിക്ക് പ്രതിസന്ധിയായിരുന്നു. സ്പെയർപാർട്സുകൾ കിട്ടാനില്ലാത്തതിനാൽ അവ പിൻവലിച്ച് പൊളിച്ച് മാറ്റേണ്ടി വന്നിരുന്നു.



