തിരുവനന്തപുരം: വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്കായി അണിയറയില്‍ ഒരുക്കുന്നത് എന്ന് മെറ്റ അറിയിച്ചു. മെറ്റയുടെ അക്കൗണ്ട് സെന്‍ററിലേക്ക് വാട്‌സ്ആപ്പ് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇതോടെ വാട്സ്ആപ്പ് മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി നേരിട്ട് കണക്റ്റ് ചെയ്യപ്പെടും. വരും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ആഗോളതലത്തില്‍ പുറത്തിറക്കും. ഇതോടെ വാട്സ്ആപ്പില്‍ ഇടുന്ന സ്റ്റാറ്റസ് അവിടെ നിന്നുതന്നെ നേരിട്ട് ഇന്‍സ്റ്റയിലേക്കും ഫേസ്ബുക്കിലേക്കും സ്റ്റോറികളായി ഷെയര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ എനാബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനുമുള്ള ഓപ്ഷനുണ്ടാകും. അതിനാല്‍ ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് മാത്രം പുത്തന്‍ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ മതിയാകും.



