തിരുവനന്തപുരം/വയനാട്: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ട്. ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ഉത്പാദനം 2096 മെഗാവാട്ട്. സോളാറിൽ നിന്ന് വെറും 415 മെഗാവാട്ടും. ഉത്പാദനവും ഉപയോഗവും തമ്മിൽ വലിയ അന്തരം. ഇത് മറികടക്കാൻ ഡാമുകളിൽ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകൾ വ്യാപകമാക്കാനൊരുങ്ങി സർക്കാർ.തരിശുപാടങ്ങളിലെ വെള്ളക്കെട്ടുകൾ, തടാകങ്ങൾ, കായലുകൾ എന്നിവിടങ്ങളിലടക്കം ഫ്ളോട്ടിംഗ് സോളാറുകൾ സ്ഥാപിക്കാനായാൽ പ്രതിദിനം 6000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ പഠനം. നിലവിൽ ആവശ്യമുള്ളതിനേക്കാൾ 800 മെഗാവാട്ട് കൂടുതൽ.ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലോട്ടിംഗ് സോളാർ കരട് നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സാധ്യമായ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും നടപ്പാക്കുക. വൻകിട അണക്കെട്ടുകൾ, തടാകങ്ങൾ, ഇടത്തരം തടാകങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ച് നിശ്ചിത വ്യവസ്ഥകളോടെയാകും കരാറുകൾ നൽകുക.സർക്കാർ സ്കൂളുകളിൽ റൂഫ് ടോപ്പ് സോളാർ പാനൽ സമയബന്ധിതമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പും അനർട്ടും നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭായോഗം നിർദ്ദേശിച്ചു.



