ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധം. ഒരു മാസത്തിനിടെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ക്ലാസ് മുറി വിട്ട് പ്രതിഷേധവുമായി പുറത്തേക്ക് ഇറങ്ങിയത്. വിദ്യാർത്ഥിയുടെ മരണത്തിന് കാരണം പഠന സമ്മർദ്ദമാണെന്ന് പ്രതിഷേധക്കാർ കരുതുന്നു.പ്രതിഷേധം ശക്തമായതോടെ അക്കാദമിക് ഡീൻ പ്രൊഫസർ കണ്ടുരു വി കൃഷ്ണ രാജിവച്ചു.
ഉത്തർപ്രദേശ് സ്വദേശിയായ 21കാരനെ ഞായറാഴ്ച വൈകീട്ട് സർവകലാശാലാ കാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയെ ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുവാഹത്തി ഐഐടിയിൽ ഈ വർഷം നാല് വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.



