നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടതായി സൂചന.നടി ശ്രീലേഖ മിത്രയുടെ പരാതിയെ തുടർന്നാണ് തീരുമാനം. സർക്കാരിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി. ആരോപണങ്ങൾ ഗൗരവമുള്ളതായി കണക്കാക്കുന്നു. ഇപ്പോൾ വായനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തിൽ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോർഡ് മാറ്റിയതായാണ് വിവരം.
ബംഗാളി നടിക്കെതിരായ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി പ്രസിഡൻ്റ് രഞ്ജിത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര അക്കാദമി പ്രസിഡൻ്റ് സ്ഥാനം രഞ്ജിത്ത് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.



