പഞ്ചാബി ട്രാവൽ വ്ലോഗർ അന്മോൽ സന്ധു കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തിയും യാത്രക്കാർക്കുള്ള സൗകര്യങ്ങളും പ്രശംസിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ഇത് ജപ്പാനല്ല, കേരളമാണ്’ എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യയിൽ ഇത്രയും വൃത്തിയും മനോഹാരിതയുമുള്ള റെയിൽവേ സ്റ്റേഷൻ ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്ലാറ്റ്ഫോമിന്റെയും ട്രാക്കുകളുടെയും ശുചിത്വം, ശാന്തമായ അന്തരീക്ഷം, സുഖകരമായ ഇരിപ്പിടങ്ങൾ, മസാജ് ചെയറുകളുള്ള ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും അന്മോൽ ചൂണ്ടിക്കാട്ടി. വീഡിയോയ്ക്ക് താഴെ നിരവധി പേർ അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും ബേക്കൽ കോട്ട, റാണിപുരം, അനന്തപുര തടാക ക്ഷേത്രം തുടങ്ങിയ കാസർകോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദേശിക്കുകയും ചെയ്തു.



