പത്ത് വർഷത്തിന് ശേഷം ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ഇന്ന് രാഹുൽ ഗാന്ധിയെത്തുന്നു. നരേന്ദ്ര മോദി അടുത്ത ആഴ്ച മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ഭീകരാക്രമണം പതിവായ ജമ്മുവിലെ ദോഡയിലും പ്രധാനമന്ത്രി എത്തും. 90 അംഗ നിമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 തിയ്യതികളിലാണ് വോട്ടെടുപ്പ്.
ജമ്മുവിലെത്തുന്ന രാഹുൽ ഗാന്ധി ആദ്യം പ്രചാരണം നടത്തുക ബനിഹാൽ മണ്ഡലത്തിൽ മത്സരിക്കുന്ന വികാർ റസൂൽ വാനിക്ക് വേണ്ടിയാണെന്ന് ജമ്മു കശ്മീരിലെ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് പറഞ്ഞു. അതിനുശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരുവിലേക്ക് പോകും. അവിടെ ദൂരു നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വോട്ടുതേടി റാലിയെ അഭിസംബോധന ചെയ്യും. റംബാൻ, അനന്ത്നാഗ് ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ രണ്ട് മെഗാ പൊതു റാലികളോടെ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സെപ്തംബർ 18ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിനായാണ് രാഹുൽ എത്തുന്നത്.



