ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം, പ്ലസ് ടു വിജയിക്കാത്തവർക്കും പത്താം ക്ലാസിന് ശേഷം ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ഭാഷാ കോഴ്സുകൾ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയാക്കിയവർക്കും ബിരുദ പഠനത്തിന് അപേക്ഷിക്കാം. രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബിരുദത്തിന്റെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അതേസമയം, പത്താം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഐടിഐയോ മറ്റ് അംഗീകൃത കോഴ്സുകളോ പൂർത്തിയാക്കിയവർക്ക് ബിരുദത്തിന്റെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. പ്ലസ് ടു പഠനത്തിന് പകരം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കുന്നതാണ് ഈ തീരുമാനം.



