എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി . സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് തീരുമാനം. പകരം ടിപി രാമകൃഷ്ണൻ കൺവീനറാകും. കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലെ വീട്ടിലേക്ക് പോയി.അച്ചടക്ക നടപടിയുടെ ഭാഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി.
ഇ പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ പിയുടെ മറുപടി. മുഖ്യമന്ത്രിയുൾപ്പടെ ഇക്കാര്യത്തിൽ ഇ പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്.
പ്രകാശ് ജവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തൻ്റെ മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം.



