2024 അവസാനിക്കുകയാണ്. പുതിയ വര്‍ഷത്തേക്ക് കടക്കുമ്പോള്‍ പോയ വര്‍ഷം എന്തൊക്കെ കാര്യങ്ങളിലാണ് തങ്ങള്‍ മുന്നിലെന്ന് തെളിയിക്കാനായി കമ്പനികള്‍ ആ വര്‍ഷത്തെ ചില കണക്കുകള്‍ അവതരിപ്പിക്കുന്നത് ഒരു തരത്തില്‍ മാര്‍ക്കറ്റിംഗ് തന്ത്രത്തിന്‍റെ കൂടി ഭാഗമാണ്. ഇത്തരത്തില്‍ രസകരമായ ചില കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്ന ഒരിടമാണ് ഭക്ഷണ വിതരണ മേഖല. 2024 -ല്‍ തങ്ങളുടെ ആപ്പ് വഴി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് ബിരിയാണെന്ന് വർഷാവസാന റിപ്പോർട്ട് പുറത്ത് വിട്ട സൊമാറ്റോ വ്യക്തമാക്കി. 2024 ൽ സൊമാറ്റോ 9 കോടിയിലധികം ബിരിയാണി ഓർഡറുകളാണ് വിതരണം ചെയ്തതെന്ന് അവകാശപ്പെട്ടു. അതായത് ഓരോ സെക്കൻഡിലും ശരാശരി മൂന്ന് ബിരിയാണികൾ വച്ച് ഓർഡർ ചെയ്യുന്നെന്നും സോമാറ്റോ വെളിപ്പെടുത്തി. ഒപ്പം ‘ഡൈനിംഗ് ഔട്ട്’ വിഭാഗത്തില്‍ നിന്ന് മറ്റൊരു കണക്ക് കൂടി സൊമാറ്റോ പുറത്ത് വിട്ടു. ബെംഗളൂരു സ്വദേശിയായ ഒരു യുവാവ് ഒരൊറ്റ റെസ്റ്റോറന്‍റ് സന്ദർശനത്തിനിടെ ഞെട്ടിക്കുന്ന തുകയ്ക്കുള്ള ഭക്ഷണ ബില്ല് അടച്ചെന്നാണ് സൊമാറ്റോ അവകാശപ്പെട്ടത്. പേര് വെളിപ്പെടുത്താത്ത ഭക്ഷണപ്രേമി ഒരൊറ്റ ബില്ലിനായി 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്നാണ് സൊമാറ്റോയുടെ വെളിപ്പെടുത്തല്‍. കൃത്യമായി പറഞ്ഞാല്‍ ഒരു ബില്ലിന് വേണ്ടി അദ്ദേഹം ചെലവഴിച്ചത് 5,13,733 രൂപ! 2024 ജനുവരി ഒന്നിനും ഡിസംബർ ആറിനും ഇടയിൽ ഇന്ത്യക്കാർ സൊമാറ്റോ വഴി ഒരു കോടിയിലധികം ഓർഡറുകളാണ് റിസര്‍വ് ചെയ്തത്. 1,25,55,417 എണ്ണം ഓർഡറുകൾ. അതില്‍ തന്നെ ഏറ്റവും തിരക്കേറിയ ദിവസം ഫാദേഴ്സ് ഡേയാണെന്നും സൊമാറ്റോ അവകാശപ്പെട്ടു. 84,866 പേരാണ് ഫാദേഴ്സ് ഡേ ദിവസം തങ്ങളുടെ അച്ഛന്മാരെയും കൂട്ടി സൊമാറ്റോ വഴി ടേബിള്‍ ബുക്ക് ചെയ്തത്.



