പക്ഷിപ്പനിക്ക് പിന്നാലെ താറാവുകളെ നിരോധിക്കാനുള്ള തീരുമാനം കർഷകർക്ക് തിരിച്ചടിയായി. ക്രിസ്മസ് വിപണിയിലേക്ക് താറാവ് കുഞ്ഞുങ്ങളെ വാങ്ങാൻ കർഷകർ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിലക്ക്. ഇതോടെ ക്രിസ്മസ് വിപണിയിൽ നാടൻ താറാവുകൾക്ക് ക്ഷാമം നേരിടും.
കൂട്ടം തെറ്റി പോകുന്ന താറാവുകളുടെ അവസ്ഥയാണ് കർഷകർക്ക്. സുവർണകാലമായ ക്രിസ്മസ് വിപണി ഇത്തവണ നഷ്ടമാകും. അപ്രതീക്ഷിതമായെത്തിയ നിരോധനം കർഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ഹാച്ചറികളിൽ നിന്ന് ഇപ്പോൾ കുഞ്ഞുങ്ങളെ വാങ്ങിയാൽ മാത്രമെ ക്രിസ്മസ് വിപണിയിലേക്ക് പാകമെത്തിയ താറാവുകളെ എത്തിക്കാൻ കഴിയു. ഭൂരിഭാഗം കർഷകരും മുൻകൂട്ടി പണം അടച്ച് കുഞ്ഞുങ്ങളെ ബുക്ക് ചെയ്തിരുന്നു. അതെല്ലാം കർഷകർക്ക് നഷ്ടമായി. ഒരു വർഷമുണ്ടാകുന്ന മുഴുവൻ നഷ്ടവും താറാവ് കർഷകർ തിരിച്ചു പിടിക്കുന്നത് ക്രിസ്മസ് ഈസ്റ്റർ വിപണികളിലൂടെയായിരുന്നു.



