ന്യൂഡൽഹി: ലക്ഷദ്വീപിന് സമീപം പടിഞ്ഞാറൻ അറബിക്കടലിൽ നടത്തിയ സംയുക്ത നീക്കത്തിൽ 3,000 കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഗുജറാത്ത് ഭീകരവിരുദ്ധ സേനയും (എടിഎസ്) കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചേർന്നാണ് വൻ ലഹരിക്കടത്ത് തടഞ്ഞത്. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ സ്വദേശികളെ പിടികൂടി.കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ബോട്ടിൽ നടത്തിയ പരിശോധനയിൽ 526 കിലോഗ്രാം ഹെറോയിനും മെതാംഫെറ്റാമിനും പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് 3,000 കോടി രൂപയിലധികം വിലവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പിടിയിലായ ബോട്ടും അഞ്ച് പാകിസ്താൻ സ്വദേശികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെത്തിച്ചു.തുടർന്ന് വിവിധ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇന്ത്യയുടെ സമുദ്ര അതിർത്തികളുടെ സുരക്ഷ ശക്തമാക്കുന്നതിനും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.



