ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന് 2026-ലെ ലോക്മാന്യ തിലക് ദേശീയ പുരസ്കാരം സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ആഭ്യന്തര, ബാഹ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഡോവൽ നൽകിയ അസാധാരണ സംഭാവനകളെ പ്രശംസിച്ച ഷാ, രാജ്യത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിനായി ഒരു “സുവർണ്ണ പേജ്” തന്നെ മാറ്റിവയ്ക്കേണ്ടിവരുമെന്ന് പറഞ്ഞു. ലോക്മാന്യ ബാലഗംഗാധര തിലകിന്റെ 106-ാം ചരമവാർഷികത്തോടനുബന്ധിച്ച് പൂനെയിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരദാനം.പുരസ്കാരം ഏറ്റുവാങ്ങിയ അജിത് ഡോവൽ, രാജ്യതാൽപര്യങ്ങൾ വ്യക്തിപരമായ അഭിലാഷങ്ങൾക്ക് മുകളിലായി കാണണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്തു. ശക്തവും സുരക്ഷിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങൾ സ്വയം സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തെ പ്രശംസിച്ച ഡോവൽ, പൂനെയുമായുള്ള തന്റെ ബാല്യകാല ബന്ധവും ചടങ്ങിൽ അനുസ്മരിച്ചു. ചതുർശൃംഗി ക്ഷേത്ര സന്ദർശനങ്ങളും സ്കൂൾ ജീവിതത്തിലെ പ്രചോദനാത്മക അനുഭവങ്ങളും പങ്കുവെച്ച അദ്ദേഹം, രാജ്യസേവനത്തിനുള്ള മൂല്യങ്ങൾ ബാല്യകാലത്തുതന്നെ രൂപപ്പെട്ടതായും വ്യക്തമാക്കി.



