കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ലോകോത്തര ഷോപ്പിങ്-എന്റർടെയ്ൻമെന്റ് മാളാകാൻ ഹൈലൈറ്റ് സെന്റർ ഒരുങ്ങുന്നു. 6.5 ലക്ഷം ചതുരശ്രയടി വലിപ്പത്തിൽ മാൾ വരുന്നതോടെ കുന്നംകുളത്തെ പ്രധാന ആകർഷണമായി ഹൈലൈറ്റ് സെന്റർ മാറും. സംസ്ഥാനത്തെ ടിയർ 2, ടിയർ 3 നഗരങ്ങളിലെ ഷോപ്പിങ് അനുഭവം അത്യാധുനികമാക്കുന്നതിന്റെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് കുന്നംകുളം ഹൈലൈറ്റ് സെന്റർ.കുന്നംകുളത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൈലൈറ്റ് സെന്ററിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി ഒന്നിന് നടക്കും. അത്യാധുനിക ഇടത്തരം ഷോപ്പിങ് മാളാണ് ഇവിടെ ഒരുങ്ങുന്നത്. വിവിധ ദേശീയ അന്തർദേശീയ ബ്രാൻഡുകളോടെ അന്താരാഷ്ട്ര ഷോപ്പിങ് അനുഭവം ലഭ്യമാകും. മുപ്പത്തി നാലായിരം ചതുരശ്ര അടിയിൽ ഹൈപ്പർ മാർക്കറ്റ്, വിശാലമായ ഫുഡ്കോർട്ട്, അഞ്ച് സ്ക്രീനുകളുമായി ഹൈലൈറ്റ് ഗ്രൂപ്പിന്റെ പലാക്സി സിനിമാസ് മൾട്ടി-പ്ലെക്സ് തിയറ്റർ, ഇരുപതിനായിരം ചതുരശ്ര അടി വലുപ്പത്തിലുള്ള എന്റർടെയ്ൻമെന്റ് സെന്റർ, സന്ദർശകർക്കായി എണ്ണൂറോളം വാഹനങ്ങൾ ഉൾക്കൊള്ളുന്ന പാർക്കിങ് സൗകര്യം ഉൾപ്പെടെ നിരവധി പ്രത്യേകതകൾ ഹൈലൈറ്റ് സെന്ററിനുണ്ടാകും.



