തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം എന്നതാണ് കേരളം കുറച്ചുകാലമായി തന്നെ ആവശ്യപ്പെടുന്ന കാര്യം. എന്നാല്‍, ഈ ആവശ്യത്തെ തമിഴ്‌നാട് നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നത്തിലെ പരിഹാരം നീണ്ടു പോകുന്നത്. ഇതിനിടെ വിഷയം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും താല്‍പ്പര്യമുള്ള മാര്‍ഗ്ഗം ടണല്‍ നിര്‍മിക്കലാണ് എന്ന് ചൂണ്ടിക്കാട്ടിയത് മുല്ലപ്പെരിയാല്‍ സമര സമതിയാണ്. ഈ ആവശ്യം ഉന്നിയിച്ചു കൊണ്ട് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി നിരവധി സമരങ്ങളും നടത്തിയരുന്നു, അടുത്തിടെ നടത്തിയ അനിശ്ചിതകാല ഉപവാസ സമരവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.2014-ലെ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് നാല് കിലോമിറ്റര്‍ ടണല്‍ നിര്‍മിക്കണമെന്നതാണ് ആവശ്യം. കാലങ്ങളായി സമര സമിതി ഉന്നയിക്കുന്ന ഈ ആവശ്യം വേണ്ടവിധത്തില്‍ കേരളം ചര്‍ച്ച ചെയ്തിട്ടുമില്ല. ഇതിനിടെ ഈ വിഷയത്തില്‍ ഇപ്പോള്‍ ആശാവഹമായ ഒരു പുരോഗതി ഉണ്ടായിരിക്കയാണ്.
കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പ് കത്തു നല്‍കി. ഈ ആവശ്യം ഉന്നയിച്ച് മുല്ലപെരിയാര്‍ ടണല്‍ സമര സമതി നല്‍കിയ നിവേദനത്തിന് മറുപടിയാണ് കേന്ദ്ര ജലവകുപ്പ് കത്ത് നല്‍കിയിരിക്കുന്നത്. പുതിയ ടണല്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടില്‍ കൂടുതല്‍ ജലം സംഭവിക്കാന്‍ സൗകര്യം ഒരുക്കുന്നത് നിലവിലെ ഡാമിനെ കൂടുതല്‍ സുരക്ഷിതമാക്കും. ഈ വിഷയത്തില്‍ കേരളവും തമിഴ്‌നും തമ്മില്‍ ധാരണയില്‍ എത്തിയാല്‍ കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ തയ്യാറാണെന്നാണ്് വ്യക്തമാക്കുന്നത്.ഈ വിഷയത്തില്‍ ഇനി വേണ്ടത് സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുക എന്നതാണ്. വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപെരിയാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ടണല്‍ നിര്‍ദേശം അടക്കം ഭാവിയില്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്താല്‍ അത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായകമായി മാറും.



