തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.ശക്തമായ കാറ്റും മഴയും മൂലം കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. വെള്ളലശ്ശേരിയിൽ ചെമ്പകശ്ശേരി വിലാസിനിയുടെ വീടിനു മുകളിൽ പനയും മരങ്ങളും വീണ് വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ചെമ്പകശ്ശേരി വിലാസിനിക്കും തലക്ക് പരിക്കേറ്റു. ചാത്തമംഗലത്തെ മിക്ക റോഡുകളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് . നിരവധി തെങ്ങുകളും മറ്റു മരങ്ങളും വാഴ കൃഷിയും നശിച്ചു. കഴക്കൂട്ടം ഉള്ളൂർക്കോണത്താണ് വീടുകളിൽ വെള്ളം കയറിയത്. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറി.



