വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്ഗരി, പീയുഷ് ഗോയല്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തി. മുംബൈ നരിമാന്‍ പോയ്ന്റിലെ പൊതു ദര്‍ശനത്തില്‍ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്. വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്. രാജ്യത്തോട് രത്തന്‍ കാണിച്ച സ്‌നേഹമൊന്നാകെ തിരിച്ചു കാണിക്കുന്ന വിധമായിരുന്നു യാത്രയയപ്പ്.ടാറ്റയെന്ന വ്യവസായ സാമൃജ്യത്തെ ലോക നെറുകയിലേക്ക് കൈപിടിച്ചു കയറ്റിയ ദീര്‍ഘദര്‍ശിയായിരുന്നു രത്തൻ ടാറ്റ. സാധാരണക്കാരന് യാത്ര ചെയ്യാന്‍ കഴിയുന്ന നാനോ കാര്‍ നിരത്തിലിറക്കിയും കാരുണ്യ ഹസ്തം നീട്ടിയും അതി സമ്പന്നരില്‍ രത്തൻ ടാറ്റ വേറിട്ടു നടന്നു. സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ വ്യവസായിക ചരിത്രത്തിനൊപ്പം എഴുതി ചേര്‍ത്ത പേരു കൂടിയാണ് രത്തന്‍ ടാറ്റയുടേത്.
ഉപ്പു മുതല്‍ വിമാനം വരെ. ഇലക്ട്രോണിക് ഗാഡ്ജറ്റ് മുതല്‍ വസ്ത്രങ്ങള്‍ വരെ. രണ്ട് നൂറ്റാണ്ടിന്‍റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടു പതിറ്റാണ്ടായിരുന്നു. 30തോളം ലിസ്റ്റഡ് കന്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാരും ടാറ്റയ്ക്കുണ്ട്.



