ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി. പ്രാദേശിക പ്രശ്‌നങ്ങൾ മുതൽ ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയം വരെ രാജിയുടെ കാരണങ്ങളായിരുന്നു. കായകുളം, അരൂക്കുറ്റി, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്ന് രാജിവെച്ചവരുടെ എണ്ണം 105 ആയി.
ആലപ്പുഴ, കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിൽ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളിൽ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നൽകിയത്. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയുടെ മാവേലി സ്റ്റോർ ബ്രാഞ്ചിലെ നാലുപേരെ ബ്രാഞ്ച് സമ്മേളനത്തിന് തൊട്ട് മുൻപ് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് കൂട്ട രാജി. ഗ്രാമ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്നുണ്ടായ പ്രശ്നങ്ങളായിരുന്നു തുടക്കം. തുടർന്നാണ് ലോക്കൽ കമ്മിറ്റി അംഗം വിപിൻ ദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രൻ, പാർട്ടി അംഗം മോഹനൻ പിള്ള എന്നിവർക്കെതിരെ നേരത്തെ നടപടി എടുത്തത്.



