ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുന്ന ഭർത്താവിൽ നിന്ന് ബീജം ശേഖരിക്കാനും സൂക്ഷിക്കാനും അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ഭർത്താവിനൊപ്പം ഒരു കുട്ടി വേണമെന്ന് ആവശ്യപ്പെട്ട് 34 കാരിയായ യുവതിയാണ് ഹർജി സമർപ്പിച്ചത്. 2021 ലെ കേന്ദ്ര നിയമപ്രകാരം ദമ്പതികളുടെ അനുമതി പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടൽ തേടിയത്.
കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. അവർക്ക് കുട്ടികളില്ലായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കിൽ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്നുമുതൽ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു യുവാവ്. അതിനാൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.



