കെഎസ്എഫ്ഇ ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണംയം വെച്ച് തട്ടിപ്പ്. 1,48,00,000 രൂപയാണ് പ്രതികൾ തട്ടിയത്. 221.63 പവൻ (1773.04ഗ്രാം) സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ചത്. പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്, കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ്,പറങ്ങാട്ടുതൊടി റഷീദലി , കാവുംപുറത്ത് മുഹമ്മദ് ശരീഫ് , കൊളത്തൂർ സ്വദേശി രാജൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ ഗോൾഡ് അപ്രൈസർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു.രാജൻ കെഎസ്എഫ്ഇ ശാഖയിലെ ഗോൾഡ് അപ്രൈസർ ജീവനക്കാരനാണ്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലുപേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. .കഴിഞ്ഞ വർഷം ഒക്ടോബർ 28 നും ഈ വർഷം ജനുവരി 18 നും ഇടയിൽ 10 തവണയാണ് പണയം വച്ചിട്ടുള്ളത്. 1.48 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.



