ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപൂർവ ധാതുക്കളുടെ ഇറക്കുമതിക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇക്വഡോറുമായി വ്യാപാരബന്ധം വിപുലീകരിക്കാൻ നീക്കം. ഇക്വഡോറിൽ നിന്ന് കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണയും കോപ്പർ ഉൾപ്പെടെയുള്ള ധാതുക്കളും കൂടുതൽ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഇക്വഡോറിലെ എണ്ണ, ധാതു മേഖലകളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കമ്പനികളെ ക്ഷണിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ ഇക്വഡോർ അംബാസഡർ ഫെർണാണ്ടോ ബുചെല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. മെഡിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനും ഇക്വഡോർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ലഭ്യതയിലും വിലയിലും മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ബദൽ വിതരണക്കാരെ കണ്ടെത്തുന്നത് ഇന്ത്യയ്ക്ക് പ്രധാനമാണ്. ഈ വർഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇക്വഡോറിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവിതരണത്തെ ബാധിച്ചതോടെ ബ്രസീൽ, വെനസ്വേല തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും പ്രാധാന്യം വർധിച്ചു. ഇക്വഡോറുമായുള്ള സഹകരണം വ്യാപിപ്പിക്കാനായാൽ ഇന്ത്യയ്ക്ക് എണ്ണവിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും തന്ത്രപ്രധാനമായ ധാതുക്കളുടെ ലഭ്യത മെച്ചപ്പെടുത്താനും സാധിച്ചേക്കും. എന്നാൽ ഇറക്കുമതിയുടെ അളവ്, വില, ദീർഘകാല വിതരണ കരാറുകൾ എന്നിവയെ ആശ്രയിച്ചായിരിക്കും ഈ നീക്കത്തിന്റെ യഥാർഥ നേട്ടം.



