നോർതേൺ സീ പാത: ഇന്ത്യയുടെ ആദ്യ ചരക്കുകപ്പൽ 2027ൽറഷ്യയുടെ നോർതേൺ സീ റൂട്ടിലൂടെ 2027ൽ ആദ്യ ചരക്കുകപ്പൽ സർവീസ് നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു. ആർട്ടിക് തീരത്തുകൂടി ഏകദേശം 5,600 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന ഈ പാത കിഴക്കൻ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും കുറഞ്ഞ സമുദ്ര ഗതാഗത മാർഗങ്ങളിലൊന്നാണ്.പാശ്ചാത്യ ഉപരോധങ്ങളും സൂയസ് കനാൽ പാതയിലെ തടസ്സങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. 2027ൽ പൈലറ്റ് ചരക്കുകപ്പൽ സർവീസ് നടത്താനുള്ള പദ്ധതി അർഖാംഗെൽസ്കിൽ നടന്ന ആർട്ടിക്-റീജിയൻസ് ഫോറത്തിലാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയത്.സൂയസ് കനാൽ പാതയുമായി താരതമ്യം ചെയ്യുമ്പോൾ നോർതേൺ സീ റൂട്ടിലൂടെ യാത്രാദൂരത്തിൽ 40 ശതമാനം വരെയും യാത്രാസമയത്തിൽ ഏകദേശം രണ്ടാഴ്ച വരെയും കുറവ് സാധിക്കുമെന്നാണ് റഷ്യൻ അധികൃതരുടെ വിലയിരുത്തൽ. ചെന്നൈ–വ്ലാഡിവോസ്റ്റോക് ഈസ്റ്റേൺ മാരിടൈം കോറിഡോറിലെ ചരക്കുനീക്കത്തിലും 70 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.നോർതേൺ സീ റൂട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി റഷ്യ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. കണ്ടെയ്നർ ഷിപ്പിംഗ് വികസിപ്പിക്കുന്നതിനായി 2023ൽ ദുബായ് ആസ്ഥാനമായ ഡിപി വേൾഡുമായും റഷ്യ കരാറിലെത്തിയിരുന്നു. ചൈനീസ് കമ്പനികളുടെ പങ്കാളിത്തം വർധിച്ചതോടെ 2025ൽ ഈ പാതയിലൂടെ 23 യാത്രകൾ പൂർത്തിയാക്കി. 2026ൽ 30 യാത്രകൾ കൂടി ലക്ഷ്യമിടുന്നുണ്ട്.ഇന്ത്യ–റഷ്യ ആർട്ടിക് സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് 2027ലെ ചരക്കുകപ്പൽ സർവീസ് വിലയിരുത്തപ്പെടുന്നത്.



