ബെംഗളൂരു: ഹോട്ടലുകളിലും ഫാർമസികളിലും ഭക്ഷണ-ഔഷധ സുരക്ഷാ വീഴ്ചകൾക്കെതിരെ തൽസമയം പരാതി നൽകാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗവും സെന്റർ ഫോർ ഇ-ഗവേണൻസും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്.സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തെരുവോര ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവയ്ക്ക് മുന്നിൽ ക്യുആർ കോഡ് ബോർഡുകൾ സ്ഥാപിക്കും. മൊബൈൽ ക്യാമറ ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്ത് പരാതിയുടെ വിശദാംശങ്ങളും ചിത്രങ്ങളും തൽസമയം അപ്ലോഡ് ചെയ്യാം. പരാതിയിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികളും ഉപഭോക്താക്കൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനാകും.വൃത്തിഹീനമായ സാഹചര്യങ്ങൾ, ഗുണനിലവാരമില്ലാത്ത ഭക്ഷണം, കൃത്രിമ നിറങ്ങളുടെ അമിത ഉപയോഗം, കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിൽപന, അധിക വില ഈടാക്കൽ, ബിൽ നൽകാതിരിക്കൽ, ലൈസൻസ് ലംഘനം തുടങ്ങിയവ സംബന്ധിച്ച് പരാതിപ്പെടാം. പൊതുജന പങ്കാളിത്തത്തോടെ വേഗത്തിലുള്ള നടപടിയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



