2047ഓടെ 100 GW ആണവോർജ്ജ ഉത്പാദനം ലക്ഷ്യമിട്ട് രാജ്യം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി. ഇതിനായി അഞ്ച് പുതിയ ആണവ റിയാക്ടറുകൾ കമ്മീഷൻ ചെയ്യുമെന്നും ഫാസ്റ്റ് ബ്രീഡർ സാങ്കേതികവിദ്യയിലെ മുന്നേറ്റം ആണവ ഇന്ധനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ്ജ രംഗത്തെയും പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന പദ്ധതികളിലെയും വളർച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.‘വികസിത ഇന്ത്യ 2047’ എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസം, ആത്മഗൗരവം, ആത്മനിർഭർ ഭാരത് എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് രാജ്യത്തിന്റെ വികസനപാത പ്രധാനമന്ത്രി അവതരിപ്പിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ പദ്ധതികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം സെമികണ്ടക്ടർ നിർമ്മാണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ പ്ലാന്റുകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. പ്രതിരോധ ഉത്പാദനത്തിലെ വളർച്ചയും ദാരിദ്ര്യനിർമാർജ്ജന രംഗത്തെ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ പ്രധാനമന്ത്രി തന്റെ 13-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ വിശദീകരിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ സ്മരിച്ച അദ്ദേഹം വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ ആഗോളതലത്തിൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുമെന്നും കൂട്ടിച്ചേർത്തു.



