.
പുതിയ സിനിമയുടെ ലൊക്കേഷൻ കണ്ട് കാരക്കുടിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി ആരാധകൻ. ഗൂഗിൾ മാപ്പ് പലതവണ വഴിതെറ്റിച്ചതോടെ ഒരു മണിക്കൂറോളം യാത്ര വൈകിയെന്നാണ് ആന്റോ ജോസഫ് പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്കിൽപ്പെട്ട മമ്മൂട്ടിക്കും സംഘത്തിനും സഹായമായത് ഒരു നാട്ടുകാരന്റെ ഇടപെടൽ. ഗൂഗിൾ മാപ്പിനുപോലും കണ്ടെത്താനാകാത്ത വഴിയിലൂടെ ബൈക്കിൽ ഏകദേശം 10 കിലോമീറ്ററോളം മുന്നിൽ സഞ്ചരിച്ച് പാണ്ഡ്യൻ മമ്മൂട്ടിക്ക് വഴി കാട്ടുകയായിരുന്നു.പുലർച്ചെ 3.30ഓടെയാണ് പെട്രോൾ പമ്പിൽ ഉറങ്ങിക്കിടന്നിരുന്ന പാണ്ഡ്യൻ മമ്മൂട്ടിയെ തിരിച്ചറിഞ്ഞത്. “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ്” എന്ന് പറഞ്ഞ് ബൈക്കിൽ മുന്നിൽ പോയ പാണ്ഡ്യൻ സംഘത്തെ കേരളത്തിലേക്കുള്ള വഴിയിലേക്ക് എത്തിച്ചു.മമ്മൂട്ടിയുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകുകയും പാണ്ഡ്യനെ ചേർത്തുപിടിച്ച് പേര് ചോദിക്കുകയും ചെയ്ത മമ്മൂട്ടിയുടെ സ്നേഹവും ശ്രദ്ധേയമായി. “അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം” എന്നാണ് മമ്മൂട്ടി കമ്പനിയുടെ കാര്യങ്ങൾക്കായി ഒപ്പമുണ്ടായിരുന്ന രമേഷ് പിഷാരടി പറഞ്ഞതെന്ന് ആന്റോ ജോസഫ് കുറിച്ചു.



