കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ്. സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് ഗായകസംഘത്തെ തടയാനല്ലെന്നും കസേര കൊണ്ടുവരാനായിരുന്നെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.ദേശീയഗീതം ആലപിച്ച ഗായകസംഘം പുറത്തുനിന്നുള്ളവരായിരുന്നെന്നും അവർക്ക് കൃത്യമായ നിർദേശം നൽകാതിരുന്നത് സംഘാടകരായ സേവാദളിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം സംബന്ധിച്ച കോൺഗ്രസിന്റെ നിലപാട് പാർലമെന്റിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾക്കുശേഷവും ഗാനം തുടർന്നതാണ് വിവാദമായത്. സോണിയ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും ഗാനം നിർത്താൻ ആംഗ്യം കാണിച്ചെന്ന തരത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ സോണിയയുടെ ആംഗ്യം കസേര കൊണ്ടുവരാനായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കേണ്ടതെന്നായിരുന്നു കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്. പാർലമെന്റിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചപ്പോഴും കോൺഗ്രസ് അതിനെ ശക്തമായി എതിർത്തിരുന്നു. രാജ്യത്ത് കൂടുതൽ വിഭജനത്തിന് ബിൽ കാരണമാകുമെന്നായിരുന്നു പാർട്ടിയുടെ വാദം.



