നാർസിസിസ്റ്റിക് അബ്യൂസിൽനിന്നുള്ള അതിജീവനത്തെക്കുറിച്ച് കൂടുതൽ മനസ്സുതുറന്ന് നടി അനുപമ പരമേശ്വരൻ. മുൻ പങ്കാളി നിരന്തരം അധിക്ഷേപിച്ചിരുന്നതായും ബന്ധത്തിലുണ്ടായ മാനസിക സമ്മർദ്ദം തന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ പറഞ്ഞു.ഒരു പരിപാടിക്കായി സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുമ്പുപോലും മുൻ പങ്കാളി തന്നെ അധിക്ഷേപിച്ചിരുന്നതായി അനുപമ ആരോപിച്ചു. താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും അവർ വ്യക്തമാക്കി. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് കണ്ണീർഗ്രന്ഥിക്ക് പ്രശ്നമുണ്ടാകുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവരികയും ചെയ്തതായി അനുപമ പറഞ്ഞു. എന്നാൽ ശാരീരികമായ നേരിട്ടുള്ള അതിക്രമം ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.ബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നത് എളുപ്പമായിരുന്നില്ലെന്നും നാർസിസിസ്റ്റിക് അബ്യൂസ് ഒരു ചിലന്തിവല പോലെയാണെന്നും അനുപമ പറഞ്ഞു. ഏകദേശം രണ്ട് വർഷത്തോളം താൻ നേരിടുന്നത് നാർസിസിസ്റ്റിക് അബ്യൂസാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. മുൻ പങ്കാളിക്ക് കുടുംബപ്രശ്നങ്ങളും മുൻകാല ട്രോമകളും ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് അയാളിലെ ചില നല്ല വശങ്ങൾ താൻ കണ്ടിരുന്നുവെന്നും അനുപമ പറഞ്ഞു.പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ മുൻ പങ്കാളിയുടെ വൃത്തങ്ങളിൽ തന്നെ പ്രശ്നക്കാരിയായി ചിത്രീകരിക്കാൻ തുടങ്ങിയെന്നും അവർ ആരോപിച്ചു. ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അവസാന സംഭാഷണം പോലും മാന്യമായി നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അനുപമ പറഞ്ഞു. ആ ബന്ധത്തിനിടെ തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും ഒരുകാലത്ത് വലിയ കുടുംബം സ്വപ്നം കണ്ടിരുന്ന താൻ പിന്നീട് കുട്ടികൾ പോലും വേണ്ടെന്ന ചിന്തയിലെത്തിയെന്നും അവർ വ്യക്തമാക്കി.മുൻ പങ്കാളിക്ക് തെറാപ്പി നടത്തിയിരുന്നെങ്കിലും മാറ്റം രണ്ടുദിവസം മാത്രമേ നിലനിന്നിരുന്നുള്ളൂവെന്നും അനുപമ പറഞ്ഞു. തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് ‘ട്രോമ ബോണ്ടിങ്’ ആയിരുന്നുവെന്നും അവർ വ്യക്തമാക്കി. നാർസിസിസ്റ്റിക് അബ്യൂസിന് ലിംഗഭേദമില്ലെന്നും മുൻപ് ഏഴ് വർഷത്തോളം ജോലിയുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുമായും നാർസിസിസ്റ്റിക് ബന്ധത്തിലായിരുന്നുവെന്നും അനുപമ കൂട്ടിച്ചേർത്തു.ഭാവിയിലെ പങ്കാളിയെക്കുറിച്ചുള്ള ചോദ്യത്തിന്, ചൂടുവെള്ളത്തിൽ വീണ ഒരാൾക്ക് പിന്നീട് പച്ചവെള്ളം കണ്ടാലും പേടി തോന്നുന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അനുപമ പ്രതികരിച്ചു.



