2027ലെ സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനായി കേന്ദ്ര സർക്കാർ 40 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി വിജ്ഞാപനം ചെയ്തു. 2011ലെ സെൻസസിൽ 29 ചോദ്യങ്ങളുണ്ടായിരുന്നെങ്കിൽ ഇത്തവണ 13 പുതിയ വിവരശേഖരണ മേഖലകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതി വിവരങ്ങൾ ശേഖരിക്കുന്നത് സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ്; എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് പുറമെ മറ്റ് ജാതികളെയും കണക്കാക്കും.ജീവിതപങ്കാളിയുടെ പേര്, ദേശീയത, മാതാപിതാക്കളുടെ വിവരങ്ങൾ, ഡിജിറ്റൽ സാക്ഷരത, സ്ഥിര താമസ വിലാസം, കോവിഡ് വാക്സിനേഷൻ നടത്തിയ സ്ഥലം തുടങ്ങിയവയാണ് പുതിയതായി ഉൾപ്പെടുത്തിയ പ്രധാന ചോദ്യങ്ങൾ. കൂടാതെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ലഭ്യത, മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി നമ്പർ തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെടും.ഇതിൽ മാതാപിതാക്കളുടെ വിവരങ്ങൾ, ആധാർ, മൊബൈൽ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചില വിവരങ്ങൾ 2019ലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) റിഹേഴ്സൽ ഫോമിലും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെയും സിവിൽ സമൂഹത്തിന്റെയും എതിർപ്പിനെ തുടർന്ന് NPR നടപടികൾ മാറ്റിവെച്ചിരുന്നു. ഈ വിവരങ്ങൾ ഭാവിയിൽ ദേശീയ പൗരത്വ രജിസ്റ്റർ (NRC) തയ്യാറാക്കാൻ ഉപയോഗിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയർന്നത്.



