രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങിയ താരനിരയും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം വമ്പൻ തുകയ്ക്ക് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തുക സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം നിർവഹിക്കുന്നത്. ആദ്യ ഭാഗത്തിന് സമാനമായി ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന് തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതേസമയം, രജനികാന്തിന്റെ മറ്റൊരു ചിത്രം ‘ധർമൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ഡ്രാഗൺ’ സംവിധായകൻ അശ്വത്ത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. സിമ്രാനാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.



