കിങ് ഫിഷ് (നെയ്മീൻ) സംരക്ഷണത്തിന്റെ ഭാഗമായി ഒമാനിൽ രണ്ട് മാസത്തേക്ക് മീൻപിടിത്തവും വിൽപ്പനയും നിരോധിച്ചു. കിങ് ഫിഷിന്റെ പ്രജനനകാലമായ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം. ഈ കാലയളവിൽ കിങ് ഫിഷ് പിടിക്കുക, കൈവശം വയ്ക്കുക, വിൽക്കുക, വാങ്ങുക, കയറ്റുമതി ചെയ്യുക എന്നിവയെല്ലാം വിലക്കിയിട്ടുണ്ട്. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മീൻ വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. കിങ് ഫിഷിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.



