ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം കസാഖിസ്താനിലെ വനങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഒരുകാലത്ത് കാസ്പിയൻ അഥവാ തുറാൻ കടുവകളുടെ പ്രധാന ആവാസകേന്ദ്രമായിരുന്ന കസാഖിസ്താനിൽ 1948-ലാണ് അവസാനമായി കടുവയെ രേഖപ്പെടുത്തിയത്. വേട്ടയാടൽ, വനനശീകരണം, ഇരമൃഗങ്ങളുടെ കുറവ്, ആവാസവ്യവസ്ഥയുടെ തകർച്ച തുടങ്ങിയ കാരണങ്ങളാണ് കടുവകളുടെ വംശനാശത്തിന് വഴിവച്ചത്.കാസ്പിയൻ കടുവയും റഷ്യയിലെ അമൂർ കടുവയും ജനിതകപരമായി ഒരേ ഇനമാണെന്ന് 2009-ലെ പഠനത്തിൽ കണ്ടെത്തിയതോടെയാണ് കസാഖിസ്താനിൽ അമൂർ കടുവകളെ ഉപയോഗിച്ച് പുനരവതരണ പദ്ധതി ആരംഭിച്ചത്. അനുയോജ്യമായ ആവാസവ്യവസ്ഥ, ഇരമൃഗങ്ങളുടെ ലഭ്യത, കാലാവസ്ഥ, മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്നുള്ള അകലം തുടങ്ങിയ കാര്യങ്ങളിൽ വർഷങ്ങളോളം പഠനം നടത്തിയ ശേഷമാണ് പദ്ധതി നടപ്പാക്കിയത്.ഇതിന്റെ ഭാഗമായി ‘ഉമിത്’ എന്ന പെൺകടുവയെ ഐൽ-ബാൽഖാഷ് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. ‘അമൂർ’ എന്ന ആൺകടുവ നിലവിൽ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ്. സ്വാഭാവികമായി വേട്ടയാടാനും മനുഷ്യരിൽ നിന്ന് അകലം പാലിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ അതിനെയും വനത്തിലേക്ക് വിടൂ. ‘തുറാൻ’, ‘ഉസ്സൂരി’ എന്നീ രണ്ട് കുഞ്ഞുകടുവകൾക്ക് 18 മാസം പ്രായമാകുന്നതുവരെ പ്രത്യേക കേന്ദ്രത്തിൽ സംരക്ഷണം നൽകും.കടുവകളുടെ സഞ്ചാരം നിരീക്ഷിക്കാൻ സാറ്റലൈറ്റ്, റേഡിയോ കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ജനവാസമേഖലയിലേക്ക് കടുവകൾ നീങ്ങിയാൽ ഇടപെടാൻ പ്രത്യേക സംഘവും സജ്ജമാണ്. കൂടാതെ, വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കസാഖിസ്താനെ സംബന്ധിച്ചിടത്തോളം ഇത് കടുവകളുടെ തിരിച്ചുവരവ് മാത്രമല്ല, നഷ്ടപ്പെട്ട വന്യജീവി ആവാസവ്യവസ്ഥയും പ്രകൃതിയുടെ സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കാനുള്ള നിർണായക സംരക്ഷണ ദൗത്യവുമാണ്.



