റാഞ്ചിയിൽ സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടു. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഓഗസ്റ്റ് 10ന് പ്രഖ്യാപിച്ച നിയമസഭാ മാർച്ചും നടത്തും. 14-ാമത് ജെ.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ റദ്ദാക്കുക, ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം നടത്തുക അല്ലെങ്കിൽ പുറത്തുനിന്നുള്ള ഹൈക്കോടതി മുൻ ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കുക, എൻ.ടി.എ മാതൃകയിൽ ഝാർഖണ്ഡ് ടെസ്റ്റിങ് ഏജൻസി രൂപീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. മന്ത്രിമാരടങ്ങിയ അഞ്ചംഗ സമിതിയുമായാണ് ഉദ്യോഗാർഥികളും വിദ്യാർഥി സംഘടനാ പ്രതിനിധികളും ചർച്ച നടത്തിയത്. ആവശ്യങ്ങൾ ന്യായമാണെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി സഞ്ജയ് പ്രസാദ് യാദവ് അറിയിച്ചു.



