കാസർകോട് എൽ.പി. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന രീതിയിൽ ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി തയ്യാറാക്കിയത്. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്ക് നൽകിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.



