തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് അമേരിക്കൻ സന്ദർശനത്തിനിടെ വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചർച്ചകൾ തുടരുന്നതായി അറിയിച്ചു. മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടിലും സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാലിന്യസംസ്കരണം, തെരുവ് നായ് സംരക്ഷണം, ഐടി വികസനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ചർച്ചയായത്. ഡോഗ് ഷെൽട്ടർ സന്ദർശിച്ച സംഘം നാളെ മാലിന്യസംസ്കരണ പ്ലാന്റുകളും അനുബന്ധ സംവിധാനങ്ങളും സന്ദർശിക്കുമെന്നും മേയർ വ്യക്തമാക്കി.തിരുവനന്തപുരം നഗരത്തിലെ ഐടി മേഖലയിലെ വളർച്ചയും സാധ്യതകളും മുസ്സൂറി ഐടി ടീമിന് മുന്നിൽ അവതരിപ്പിച്ചെന്നും, ഇരു നഗരങ്ങളും ചേർന്ന് ഐടി സഹകരണത്തിന് സാധ്യതയുള്ള മേഖലകൾ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായും സംസ്ഥാന ഐടി മന്ത്രിയുമായും തുടർചർച്ചകൾ ആവശ്യമായ വിഷയങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഞായറാഴ്ച വൈകുന്നേരം വരെ വിവിധ കൂടിക്കാഴ്ചകൾ തുടരുമെന്നും മേയർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.



