കാട്ടാനകളെ തടയാൻ വനംവകുപ്പ് നിർമിച്ച ഒന്നര കിലോമീറ്റർ നീളമുള്ള കിടങ്ങ് ഇപ്പോൾ പാക്കാനം ഇഞ്ചക്കുഴിയിലെ നാട്ടുകാർക്ക് ഭീതിയുണർത്തുന്ന ‘ജലബോംബായി’ മാറിയിരിക്കുകയാണ്. കുന്നിൻചരിവിലുള്ള കിടങ്ങിൽ ലക്ഷക്കണക്കിന് ലീറ്റർ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ താഴ്വാരത്തുള്ള 40-ഓളം കുടുംബങ്ങൾ ആശങ്കയിലാണ്. ശക്തമായ മഴയിൽ കിടങ്ങ് നിറഞ്ഞൊഴുകിയതിനെ തുടർന്ന് വനംവകുപ്പ് ചെറിയ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ വേഗത്തിൽ ഉറവവെള്ളം എത്തുന്നതായി നാട്ടുകാർ പറയുന്നു.കിടങ്ങ് നിർമാണത്തിനിടെ പൊട്ടിച്ചുമാറ്റിയ കല്ലുകളും മുകളിലായി നിലനിൽക്കുന്നതിനാൽ കനത്ത മഴയിൽ കിടങ്ങ് പൊട്ടിയാൽ വലിയ ദുരന്തമുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അപകടഭീതിയെ തുടർന്ന് ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കിടങ്ങിലെ വെള്ളം വലിയ പൈപ്പുകൾ സ്ഥാപിച്ച് അടിയന്തരമായി പുറത്തേക്ക് ഒഴുക്കണമെന്നും സ്ഥിരപരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



