രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില 200 രൂപയിലേറെ കുറച്ച് കേന്ദ്ര സർക്കാർ. ഡൽഹിയിൽ 19 കിലോ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയും കുറഞ്ഞതോടെ പുതിയ വില യഥാക്രമം 2728 രൂപയും 2872 രൂപയുമായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള വ്യാപാര മേഖലയ്ക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.



